Our Mission
ആത്മീയ, ഭൗതീക മേഖലകളിൽ കാഴ്ചപരിമിതരുടെ സർവ്വതോന്മുഖമായ വളർച്ചയാണ് ഞങ്ങൾ ലക്ഷ്യം വയ്ക്കുന്നത്. കാഴ്ചപരിമിതർക്കിടയിൽ ബ്രെയിൽ ഖുർആൻ പഠനം സാർവത്രീകമാക്കുന്നതോടൊപ്പം, വിവര സാങ്കേതിക വിദ്യ ഉൾപെടെ വ്യത്യസ്ഥ മേഖലകളിലെ അവരുടെ ശാക്തീകരണത്തിനും ഞങ്ങൾ ഊന്നൽ നൽകുന്നു. ഇതിലൂടെ വെല്ലുവിളികൾക്കിടയിലും സുരക്ഷിതവും മാന്യവും അർത്ഥപൂർണ്ണവുമായ ഒരു ജീവിതം നയിക്കാൻ അവർ പ്രാപ്തരാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഇതിനുതകുന്ന പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.
Our Vision
കാഴ്ചപരിമിതി ആത്മീയവും ഭൗതീകവുമായ വളർച്ചയ്ക്കും വിജ്ഞാന സമ്പാദനത്തിനും തടസ്സമാകാത്ത ഒരു ലോകം ഞങ്ങൾ വിഭാവനം ചെയ്യുന്നു. കാഴ്ചപരിമിതർ അവരുടെ പരിമിതികളെയല്ല, മറിച്ച് കഴിവുകളെ തിരിച്ചറിയണമെന്നും, ഉന്നത നിലവാരമുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു ജീവിത സാഹചര്യം അവർക്ക് ഉണ്ടാകണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു. ഇതിലൂടെ അവർ സമൂഹത്തിന്റെ മുഖ്യധാരയുടെ ഭാഗമാകുമെന്നും, സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയുള്ള ഉത്തമ പൗരന്മാരായി മാറുമെന്നും ഞങ്ങൾ പ്രദീക്ഷിക്കുന്നു.
Our Journey
അസ്സബാഹ് സൊസൈറ്റി ഫോർ ദി ബ്ലൈന്‍റ്, കാഴ്ചപരിമിതർക്കുവേണ്ടി കാഴ്ചപരിമിതരുടെ ഇസ്‌ലാമിക കൂട്ടായ്മ ദീനീ വിജ്ഞാന മേഖലയിൽ ഒന്നുമല്ലാതിരുന്ന കാഴ്ചപരിമിതരെ കൈപിടിച്ചുയർത്താൻ ഏതാനും കാഴ്ചപരിമിതരായ സഹോദരങ്ങൾ നടത്തിയ ത്യാഗോജ്വലമായ പരിശ്രമങ്ങളുടെ വിജയഗാഥ. 2002-ൽ തുടങ്ങിയ ഞങ്ങളുടെ പ്രസ്ഥാനം ഇന്ന് നൂറുകണക്കിന് കാഴ്ചപരിമിതർക്ക് തണലായി മാറിയിരിക്കുന്നു. ഏറെ ക്ലേശങ്ങൾ സഹിച്ചാണ് കാഴ്ചപരിമിതരെ സംഘടിപ്പിച്ചതും പൊതു സമൂഹത്തിന്‍റെ പിൻതുണ നേടിയെടുത്തതും. കരീം മാസ്റ്ററുടെ വീട്ട് കോലായിയിൽനിന്ന് ആരംഭിച്ച്, പിന്നീട് വാടക കെട്ടിടത്തിലേക്ക് വളർന്ന പ്രസ്ഥാനത്തിന് ഇന്ന് സ്വന്തമായി ആസ്ഥാന മന്ദിരവും മദ്‌രസകളും മറ്റു സ്ഥാപനങ്ങളുമുണ്ട്. തിരുവനന്തപുരം മുതൽ കാസർഗോട് വരെ 10 ജില്ലകളിൽ സൊസൈറ്റിക്ക് ഇന്ന് ശാഖകളുണ്ട്. വിദ്യാർത്ഥി, യുവജന, വനിതാ വിഭാഗങ്ങളുടെ പ്രവർത്തനം സൊസൈറ്റിയുടെ സേവനങ്ങൾ കൂടുതൽ കാഴ്ചപരിമിതരിലേയ്ക്ക് എത്തുന്നതിന് സഹായകമായിട്ടുണ്ട്. മലപ്പുറം പുളിക്കലിൽ 2007-ൽ കുഞ്ഞാപ്പു ഹാജിയുടെ കെട്ടിടം സൗജന്യമായി ഉപയോഗിക്കാൻ ലഭിച്ചതും 2010-ൽ പൂവത്തിക്കോട്ടയിൽ ഒരു കുടുംബം 70 സെന്‍റ് സ്ഥലം സൗജന്യമായി നൽകിയതും അസ്സബാഹ് സൊസൈറ്റിയുടെ പ്രവർത്തനത്തിൽ നിർണ്ണായക വഴിത്തിരിവായി. കാസർഗോഡ്, 2009-ൽ വാടക കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച അസ്സബാഹ് മദ്‌രസയ്ക്ക് 2014-ൽ സ്വന്തം ആസ്ഥാനം നിലവിൽവന്നു. 2011-ൽ കോഴിക്കോട് ഫറൂഖ് കോളേജിന് സമീപം ഹംസക്കുട്ടി സാഹിബ് 13% സെന്‍റ്, (ആകെ സ്വത്തിന്‍റെ 1/3) സ്ഥലവും കെട്ടിടവും സൗജന്യമായി നൽകിയതോടെ അസ്സബാഹ് സൊസൈറ്റിയുടെ ആസ്ഥാന മന്ദിരത്തിന് കളമൊരുങ്ങി. ഇതേ വർഷംതന്നെ പുളിക്കൽ ഖദീജാ മാൾ കേന്ദ്രീകരിച്ച് Global Islamic Foundation For The Blind (GIFB) എന്ന മഹത്തായ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു. 2016-ൽ നേരത്തെ സൗജന്യമായി ലഭിച്ച പൂവത്തിക്കോട്ടയിൽ ഒരു ബഹുനില കെട്ടിടം ഉയർന്നതോടെ GIFB-യുടെ പ്രവർത്തനങ്ങൾക്ക് പുതിയ മാനങ്ങൾ കൈവന്നു. ഈ സ്ഥാപനം നിലവിൽ വരുന്നതിൽ നിർണായക പങ്ക് വഹിച്ചവരാണ് ബഹു. E T മുഹമ്മദ് ബശീർ MP, മർഹൂം P A ഇബ്‌റാഹീം ഹാജി, മുൻ MLA മർഹൂം മമ്മുണ്ണി ഹാജി എന്നിവർ. 18 വയസ്സിന് മുകളിൽ പ്രായമുള്ള കാഴ്ചപരിമിതരായ സ്ത്രീപുരുഷന്മാർക്ക് താമസിച്ച് പഠിക്കാനും, ജീവിത നൈപുണികൾ പരിശീലിക്കാനും ഈ സ്ഥാപനം സൗകര്യമൊരുക്കുന്നു. 2011-ൽതന്നെ കുന്നംകുളത്ത് യുണൈറ്റഡ് ചാരിറ്റബിൾ ട്രസ്റ്റിന്‍റെ കീഴിൽ ഒരു മദ്‌രസ തുടങ്ങിയതോടെ, തൃശൂർ ജില്ലയിലെ അസ്സബാഹിന്‍റെ പ്രവർത്തനങ്ങൾക്ക് സമാരംഭമായി. 2012-ൽ മുടിക്കൽ തണൽ ഹാൾ കേന്ദ്രീകരിച്ച് അസ്സബാഹ് എറണാകുളം മേഖലയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ജില്ലയിൽ ഒരു ആസ്ഥാനമെന്ന അസ്സബാഹ് സൊസൈറ്റിയുടെ ചിരകാല സ്വപ്നം യാഥാർത്ഥ്യമാക്കിക്കൊണ്ട് "ദർശന ചാരിറ്റബിൾ ട്രസ്റ്റ് ഫോർ ദി ബ്ലൈന്‍റ്" 2025 നവംബറിൽ നിലവിൽവന്നു. ഉതാരമതികളുടെ സഹായത്തോടെ ലഭിച്ച 10 സെന്‍റ് ഭൂമി ട്രസ്റ്റിൽ രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതോടെ അസ്സബാഹ് സൊസൈറ്റിക്ക് സ്വന്തമായി ഒരു ആസ്ഥാനം ജില്ലയിൽ നിലവിൽവരും. 2004-ൽ തിരുവനന്തപുരം ജില്ലയിൽ അസ്സബാഹ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ ഭാഗീകമായി തുടങ്ങിയെങ്കിലും 2012-ൽ അട്ടക്കുളങ്ങരയിലെ ഒരു വാടകക്കെട്ടിടത്തിൽ അസ്സബാഹ് മദ്‌രസക്ക് തുടക്കമായതോടെയാണ് ASBയുടെ പ്രവർത്തനങ്ങൾക്ക് കുറേക്കൂടെ വ്യാപ്തി ലഭിച്ചത്. 2022-ൽ പരുത്തിക്കുഴിയിൽ അസ്സബാഹ് അക്കാദമി ഫോർ വിഷ്വലി ഇംപയേഡ് എന്ന സ്ഥാപനം വാടക കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. അസ്സബാഹിന്‍റെ കീഴിൽ ഇതിനകം ഒരു ഓൺലൈൻ മദ്‌രസയും ഒരു മൊബൈൽ മദ്‌രസയും ഉൾപെടെ 12 മദ്‌രസകൾ പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണ്. പുളിക്കൽ GFB-യിൽ 2017-ൽ P V ഹസ്സൻ സിദ്ദീഖ് ബാബു സാഹിബിന്‍റെ ശ്രമഫലമായി അൽ-നഹ്‌ദി ബ്രെയിൽ പ്രെസ്സ് സ്ഥാപിച്ചതോടെ വി. ഖുർആൻ ഉൾപെടെ വ്യത്യസ്ഥ ഇസ്‌ലാമിക ഗ്രന്ഥങ്ങളും മദ്‌രസാ പാഠപുസ്തകങ്ങളും ബ്രെയിൽ ലിപിയിൽ പുറത്തിറക്കാൻ കഴിഞ്ഞത് എടുത്ത് പറയേണ്ട നേട്ടംതന്നെ. അതുവരെ വിദേശങ്ങളിൽനിന്ന് ഏറെ പ്രയാസപ്പെട്ടാണ് ബ്രെയിൽ ഖുർആൻ നാട്ടിലെത്തിച്ചിരുന്നത്. അൽ-നഹ്‌ദി ബ്രെയിൽ പ്രെസ്സ് നിലവിൽവന്നതോടെ ഇതിന് പരിഹാരമായി. കേരളാ സിലബസ്സിലെ അറബി പാഠപുസ്തകങ്ങൾ സർക്കാർ ഫണ്ട് ഉപയോഗിച്ച് ആദ്യമായി ബ്രെയിലിൽ അച്ചടിച്ച് വിതരണം ചെയ്യാൻ ഈ സ്ഥാപനത്തിന് സാധിച്ചു എന്നത് ഏറെ ചാരിദാർത്ഥ്യത്തോടെ സ്മരിക്കുന്നു. കാഴ്ചപരിമിതർക്കായി, കേരളാ സർക്കാരിന്‍റെ കീഴിലുള്ള സീഡിറ്റ് നടത്തുന്ന PSC അംഗീകാരമുള്ള കംപ്യൂട്ടർ സർട്ടിഫിക്കറ്റ് കോഴ്‌സ് തുടങ്ങാൻ സാധിച്ചത് സൊസൈറ്റിയുടെ സുപ്രധാന നേട്ടമാണ്.
നേതൃത്വം
P A അബ്ദുൽ കരീം
ചെയർമാൻവിശേഷ വിദ്യാഭ്യാസ രംഗത്ത് 20 വർഷത്തെ അനുഭവസമ്പത്തുള്ള വ്യക്തി.
P T മുഹമ്മദ് മുസ്തഫ
അക്കാദമിക് ഡയറക്ടർബ്രെയിൽ സാക്ഷരതയിലും ഖുർആൻ പഠനത്തിലും വിദഗ്ധ.
K M അബ്ദുൽ ഹക്കീം
കോർഡിനേറ്റർവിദ്യാർത്ഥികളുടെ ക്ഷേമത്തിനും പ്രോഗ്രാം നടത്തിപ്പിനും നേതൃത്വം നൽകുന്നു.